ആലപ്പുഴ: ബീച്ചിൽ വണ്ടർ ഫാൾസ് വെള്ളച്ചാട്ടം അവസാനിച്ചിട്ടും സംഘാടകർ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനെത്തുടർന്ന് ബീച്ചിലെ മാലിന്യങ്ങൾ നഗരസഭ നേരിട്ട് നീക്കം ചെയ്യാൻ തീരുമാനം. മാലിന്യങ്ങൾ മാറ്റാൻ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ.
മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി സംഘാടകർക്ക് നോട്ടീസ് നൽകിയിരുന്നു. 48 മണിക്കൂറായിരുന്നു ഇതിനായി സമയം അനുവദിച്ചിരുന്നത്. എന്നാൽ, ഈ സമയപരിധി കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് നഗരസഭ നേരിട്ട് മാലിന്യം നീക്കം ചെയ്യാൻ തീരുമാനമെടുത്തത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഷോളി സിദ്ധകുമാർ, എം.കെ. നിസാർ, ബീന ജോസഫ്, ടി.ജി. രാധാകൃഷ്ണൻ, സിനി ബിനോയ്, ഷേർലി ആന്റണി, ജിജി വി, നഗരസഭാ സെക്രട്ടറി സനിൽ എസ്, ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ, നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.